Welcome to SITC Forum

തിരികെ സ്‌കൂളിലേക്ക്: നാളെ സ്‌കൂൾ തുറക്കും എല്ലാ അധ്യാപകരും കോവിഡ് വാക്‌സിൻ എടുക്കണം

 

                    ഒന്നര വർഷത്തിനുശേഷം സ്‌കൂളുകൾ തുറക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 1-7, 10, 12 ക്ലാസുകളാണ് നവംബർ ഒന്നിനു ആരംഭിക്കുന്നത്. എല്ലാ ക്ലാസുകളും നവംബർ 15ന് ആരംഭിക്കും. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ട. ആദ്യ രണ്ടാഴ്ച്ച ഹാജർ ഉണ്ടാകില്ല. ആദ്യ ആഴ്ചകളിൽ കുട്ടികളുടെ ആത്മ വിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്ന് മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
    വലിയ മുന്നൊരുക്കങ്ങളാണ് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പൊതുസമൂഹവുമായും മറ്റു വകുപ്പുകളുമായും ചേർന്ന് നടത്തിയിട്ടുള്ളത്. സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനും അണുനശീകരണം നടത്തുന്നതിനും വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പുകൾ, പി.ടി.എ /എസ്.എം.സി, തദ്ദേശഭരണസ്ഥാപനങ്ങൾ, യുവജന സംഘടനകൾ, അധ്യാപക സംഘടനകൾ തുടങ്ങിയവയരുടെയെല്ലാം സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നുള്ള മാർഗ്ഗരേഖയും മോട്ടോർവാഹന വകുപ്പ് മാർഗരേഖയും പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകി.
       വിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടർമാർ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, സമഗ്ര ശിക്ഷ കേരള പ്രതിനിധികൾ, വിദ്യാകിരണം മിഷൻ കോ-ഓർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ജില്ലയിലും വിവിധ ടീമുകൾക്ക് രൂപം നൽകി എല്ലാ സ്‌കൂളുകളും പരിശോധിച്ചു. പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകിയതായും മന്ത്രി പറഞ്ഞു.
    സ്‌കൂൾ തുറക്കലിന്റെ ഭാഗമായി എല്ലാ അധ്യാപകരും നിർബന്ധമായും കോവിഡ് വാക്‌സിൻ എടുക്കണം. 2282 അധ്യാപകർ ഇനിയും വാക്‌സിൻ എടുത്തിട്ടില്ല. 327 അനധ്യാപകരും വാക്‌സിനെടുക്കാത്തവരായുണ്ട്. അവരും ഉടൻ വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള ശുചീകരണ പ്രക്രിയ, സ്‌കൂളിൽ എത്തിച്ചേരുന്ന കുട്ടികളും അധ്യാപകരും സ്വീകരിക്കേണ്ട കോവിഡ് പെരുമാറ്റരീതികൾ, വിദ്യാലയങ്ങളിലേക്ക് തിരികെ എത്തുന്ന കുട്ടികൾക്ക് വരാനിടയുള്ള മാനസിക പ്രശ്‌നങ്ങളും അവയുടെ പരിഹാര മാർഗങ്ങളും, കുട്ടികളിലെ പഠന പിന്നാക്കാവസ്ഥ, പഠനവൈകല്യങ്ങൾ മുതലായവ കണ്ടെത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങി ആരോഗ്യവകുപ്പ് വിഭാവനം ചെയ്ത പരിശീലന പരിപാടിയും രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ തുടങ്ങിയവരിലേക്ക് എത്തിച്ചിട്ടുണ്ട്.
       24,300 തെർമൽ സ്‌കാനറുകൾ സ്‌കൂളുകളിൽ വിതരണം ചെയ്തിട്ടുണ്ട്. 2021 - 22 അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സുഗമമാക്കാൻ ഫണ്ട് എത്തിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപയാണ് സ്‌കൂളുകൾക്ക് നൽകിയത്. നവംബർ, ഡിസംബർ മാസങ്ങളിലെ 49 പ്രവൃത്തി ദിവസങ്ങളിലെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ചെലവുകൾക്കായി 105.5 കോടി രൂപ സ്‌കൂളുകൾക്ക് മുൻകൂറായി നൽകിയിട്ടുണ്ട്.
      നവംബർ, ഡിസംബർ മാസങ്ങളിലേക്കുള്ള പാചക തൊഴിലാളികളുടെ ഹോണറേറിയം തുകയായ 45 കോടി രൂപയും മുൻകൂറായി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ചിട്ടുണ്ട്. സ്‌കൂൾ ഗ്രാൻഡ് ഇനത്തിൽ എസ്.എസ്.കെ. 11 കോടി രൂപ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അനുവദിച്ചിട്ടുണ്ട്. നവംബർ മാസത്തിനുള്ളിൽ ബാക്കി 11 കോടി രൂപ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
     സാധാരണഗതിയിൽ അക്കാദമിക് ആവശ്യങ്ങൾക്കും ടോയ്‌ലറ്റ് മെയിന്റനൻസ്, അത്യാവശ്യ അറ്റകുറ്റപ്പണികൾ തുടങ്ങിയ ആവശ്യങ്ങൾക്കും ആണ് പ്രസ്തുത തുക അനുവദിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഈ തുക ഉപയോഗിക്കാം. സ്‌കൂൾ മെയിന്റനൻസ് ഗ്രാൻഡ് ഇനത്തിൽ എല്ലാ ഉപഡയറക്ടർമാർക്കും 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഈ തുക ഉടൻ നൽകുന്നതാണ്.
    ഇനിയും പരിസരശുചീകരണം, അണുനശീകരണം എന്നിവ നടത്തി സജ്ജമാക്കാനുള്ള 204 സ്‌കൂളുകളുണ്ട്. കേരളത്തിൽ ആകെ സ്‌കൂളുകൾ 15,452 ആണ്.ജില്ലകളിൽനിന്ന് സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഫിറ്റ്‌നസ് ലഭിക്കാനുള്ള സ്‌കൂളുകളുടെ എണ്ണം 446 ആണ്. സംസ്ഥാനത്ത് 1,474 സ്‌കൂളുകളിൽ സ്‌കൂൾ ബസുകൾ ഇനിയും പ്രവർത്തനക്ഷമമാക്കാൻ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

തിരികെ സ്‌കൂളിലെത്തുന്നതിന്റെ മനോഹര ദൃശ്യങ്ങൾ സ്‌കൂൾ വിക്കിയിൽ പ്രദർശിപ്പിക്കുന്നു


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെ വിദ്യാലയത്തിലേക്ക്' എന്ന പേരിൽ കൈറ്റ് സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തുകയാണ് .
കേരളത്തിലെ പതിനായിരത്തോളം സ്‌കൂളുകളെ കോർത്തിണക്കിക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള സ്‌കൂൾ വിക്കിയിൽ (www.schoolwiki.in) സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളുടെ രചനാമത്സരങ്ങളും ചിത്ര കാർട്ടൂൺ മത്സരങ്ങളും ഉൾപ്പെടുത്തിയതിന്റെയും എല്ലാ സ്‌കൂളുകളുടെയും ഡിജിറ്റൽ മാഗസിനുകൾ അപ്ലോഡ് ചെയ്തതിന്റെയും കോവിഡ് കാലത്ത് 'അക്ഷരവൃക്ഷം' എന്ന പേരിൽ 56399 കുട്ടികളുടെ സൃഷ്ടികൾ ലഭ്യമാക്കിയതിന്റെയും മാതൃകയിൽ ഈ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കും.
വിദ്യാലയങ്ങൾ തുറക്കുന്ന ആദ്യദിനങ്ങളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്‌കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയവയാണ് ഫോട്ടോ ഡോക്യുമെന്റേഷൻ ചെയ്യുന്നത്. മികച്ച ചിത്രങ്ങൾക്ക് സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 25000, 20000, 10000 രൂപയും ജില്ലാതലത്തിൽ 5000, 3000, 2000 രൂപയും യഥാക്രമം സമ്മാനമായി നൽകുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് അറിയിച്ചു. സർക്കുലർ കൈറ്റിന്റെ വെബ്‌സൈറ്റിൽ (www.kite.kerala.gov.in) ലഭ്യമാണ്.

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.